പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കും.

ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചർച്ച ചെയ്തിരുന്നു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ കർശനമായി തുടരാനാണ് തത്വത്തില്‍ ധാരണയായത്. അതേസമയം രോഗബാധ നിയന്ത്രിതമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ തുടരും. മെയ് 17 നാണ് ലോക്ക്ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നത്. നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. അതേസമയം ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡീഷയും തമിഴ്‌നാടും ആവശ്യപ്പെട്ടു. സാമ്പത്തികരംഗം അതീവ ഗുരുതര സാഹചര്യത്തെയാണ് നേരിടുന്നത് എന്നതിനാല്‍ ഇത് ഒഴിവാക്കുന്ന തരത്തിലുള്ള നീക്കങ്ങളാകും ഇനിയുണ്ടാവുക.

Comments (0)
Add Comment