‘ജനങ്ങളുടെ ദുരിതം കാണാത്ത പ്രധാനമന്ത്രി വാചകക്കസർത്തിലൂടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു’ : കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Tuesday, June 30, 2020

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പ്രസംഗം വാചകക്കസർത്തിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.  രാജ്യം ആവശ്യപ്പെടുന്ന രീതിയിലുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിക്കാതെ ജനങ്ങളുടെ ദുരിതത്തിനു നേരെ കണ്ണടയ്ക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാചകക്കസർത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിലൂടെ നടത്തിയത്. ദിനം പ്രതി കൊവിഡ് വ്യാപനം രൂക്ഷമാവുകയും സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സാധാരണക്കാരുടെ പ്രതിസന്ധികൾ രൂക്ഷമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പോലും പാവപ്പെട്ടവരുടെ കയ്യിൽ പണമെത്തിക്കാനുള്ള നടപടികളൊന്നും തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടത് പ്രകാരം പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ അടുത്ത അഞ്ച് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം സ്വാഗതാർഹം തന്നെയാണ്. എന്നാൽ രാജ്യത്തെ പാവപ്പെട്ടവരുടെയും, കുടിയേറ്റ തൊഴിലാളികളുടെയും, ചെറുകിട വ്യവസായങ്ങളുടെയും ദുരിതത്തിന് അറുതി വരുത്താൻ ഈ ആശ്വാസ നടപടികൾ അപര്യാപ്‌തമാണ്. കൊവിഡ് കാലത്തു മാത്രം പെട്രോൾ ഡീസൽ വിലവർധനവിലൂടെ കേന്ദ്ര തീരുവയിനത്തിൽ സർക്കാർ നേടിയ രണ്ടു ലക്ഷം കോടി രൂപയുടെ ഒരംശം പോലും ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരിലെത്തിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് ഏറ്റവും വില കുറഞ്ഞിട്ടുപോലും അതിന്‍റെ യാതൊരാനുകൂല്യങ്ങളും ജനങ്ങൾക്ക് നൽകാത്ത അതെ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാവുകയും മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനോ ആരോഗ്യ സുരക്ഷാ രംഗത്ത് കൂടുതൽ കേന്ദ്ര സഹായം എത്തിക്കാനോ യാതൊരു നടപടിയും പ്രധാനമന്ത്രിയിൽ നിന്നുണ്ടാവാത്തത് ഖേദകരമാണെന്ന് വേണുഗോപാൽ പറഞ്ഞു. ആത്മനിർഭർ ഭാരത് എന്നത് സർക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്വങ്ങളിൽ നിന്ന് പോലും ഒളിച്ചോടാനുള്ള കവചമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.