അര്‍ജുന്‍ ആയങ്കിക്കൊപ്പം ഷാജര്‍ നില്‍ക്കുന്ന ചിത്രം പുറത്ത്; വെട്ടിലായി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Saturday, June 26, 2021

സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. നേരത്തെ അര്‍ജുന്‍ ആയങ്കിയെ തള്ളി ഷാജര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നത്.

ഐആര്‍പിസിയുടെ ഹെല്‍പ്പ് ഡെഡ്ക്കില്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഐആർപിസിയുടെ പ്രവർത്തനത്തിൽ അർജുൻ ആയങ്കിയും സജീവമായിരുന്നു. പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് ചെയ്യുന്നവര്‍ അത് തിരുത്തണമെന്നും ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അർജുൻ ആയങ്കിക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയും ഫോട്ടോയിലുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ സിപിഎം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു കണ്ണൂര്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. എന്നാൽ ആകാശ് ആയങ്കിയെ പോലുള്ളവരുമായി നേതാക്കൾ ചേർന്ന് നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെ പ്രസ്താവനയിറക്കി മുഖം രക്ഷിക്കാനുള്ള നീക്കം കൂടിയാണ് പൊളിഞ്ഞത്.