ഉമ്മന്‍ ചാണ്ടിയെന്ന നീതിമാനെ വേട്ടയാടിയവർക്ക് ജനം മറുപടി നല്‍കും; മടക്കത്തിലും അഗ്നിശുദ്ധി വരുത്തി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് സോളാർ കേസിലേക്ക് ഉമ്മൻ ചാണ്ടിയെ ഒരുവട്ടം കൂടി വലിച്ചിഴയ്ക്കാനുള്ള നീക്കത്തിന് പൂട്ടിട്ട് കോടതി. ഉമ്മൻ ചാണ്ടി കുറ്റവിമുക്തനാണെന്ന സിബിഐ റിപ്പോർട്ടിന് കോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇടതുമുന്നണിയുടെ നീചരാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയായി അത്. പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്‌.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ മുന്നേറുമ്പോഴും ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ മനപൂര്‍വം അധിക്ഷേപിക്കുകയാണ് സിപിഎം. മരിച്ചു പോയിട്ടും ഉമ്മന്‍ ചാണ്ടിക്കെതിരായ സിപിഎമ്മിന്‍റെ വേട്ടയാടല്‍ ഇപ്പോഴും തുടരുകയാണ്. ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ ആരോപണ നിഴലിലാക്കാനുള്ള നീക്കത്തിന് ഇന്നലെ കോടതി തന്നെ തടയിട്ടു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരന്‍ അല്ല എന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
ഇതിനെതിരെ പരാതിക്കാരി കോടതിയില്‍ നല്‍കിയ ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി. ഇതോടെ സോളാര്‍ വിവാദ നായികയുടെ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിപ്പോയിരിക്കുകയാണ്. ഒപ്പം സിപിഎമ്മിന്‍റെ കപട വാദങ്ങളും നീചരാഷ്ട്രീയവും കടന്നാക്രമങ്ങളും.

2017 ഒക്ടോബർ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.  സിപിഎം സ്‌പോണ്‍സേര്‍ഡ് വ്യാജപരാതിയിലൂടെ അന്നുമുതല്‍ ഒരു നീതിമാനെ വേട്ടയാടുകയായിരുന്നു. അന്വേഷണത്തിലൊന്നും പരാതിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാനായില്ല. അതിനിടെ കേസന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെ ഉമ്മന്‍ചാണ്ടി സോളാര്‍ പീഡനക്കേസില്‍ പൂര്‍ണമായി കുറ്റവിമുക്തനായി. കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് ആയില്ലെന്ന് സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

സോളാര്‍ കേസിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ സിപിഎം ക്രൂരമായി വേട്ടയാടുകയായിരുന്നു. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ആ സത്യമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ വേട്ടയാടിയ സമീപനം മരണശേഷവും സിപിഎം തുടരുകയാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തെപോലും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടി തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളിയില്‍ ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ ഉള്‍ക്കൊള്ളുകയാണ് പുതുപ്പള്ളിക്കാര്‍. ഉമ്മന്‍ ചാണ്ടി മടങ്ങി, താന്‍ നീതിമാനെന്ന് അറിയിച്ചുകൊണ്ട്…

Comments (0)
Add Comment