കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്‍റ് പി.പി ദിവ്യയ്ക്കും രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാപരമായ വീഴ്ചയും ഭരണപരമായ വീഴ്ചയും പറ്റിയെന്ന സ്വയംവിമർശനവും ഉണ്ട്. എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായി പ്രവർത്തന റിപ്പോർട്ട്. കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് എതിരെ നേരത്തെ വിവിധ വിഷയങ്ങളിൽ പാർട്ടി ഉന്നയിച്ച വിമർശനം ജില്ല സമ്മേളന പ്രവർത്തന റിപ്പോർട്ടിലും തുടർന്നു.ഇടപെടുന്ന വിഷയങ്ങളിൽ ജാഗ്രതക്കുറവുണ്ടെന്നും നിർണായകഘട്ടങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇ.പി ജയരാജനെ കുറ്റപ്പെടുത്തി.
ഇ.പിയെപോലുള്ള മുതിർന്ന നേതാവിന് നിരന്തരം വീഴ്ചകൾ സംഭവിക്കുന്നത് പാർട്ടിയെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനിടയാക്കുമെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശിച്ചു,. എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കി. സദുദ്ദേശ്യപരമെന്ന് ന്യായം പറയാമെങ്കിലും പാർട്ടിപ്രവർത്തകർ പോലും അനവസരത്തിലുളള ഇടപെടൽ അനുചിതമെന്നുതന്നെ വിശ്വസിക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.. എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പിപി ദിവ്യയെ പിന്തുണക്കുന്ന നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ സംഭവിച്ച ന്യൂനപക്ഷ വോട്ടു ചോർച്ച പാർട്ടി വിലയിരുത്തുന്നതായും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി ഉൾപ്പെടെയുളള പ്രാദേശിക വിഷയങ്ങളിൽ പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുവാനും
ബി.ജെ.പിയുടെ വളർച്ച ചെറുക്കാൻ ബ്രാഞ്ച് കമ്മിറ്റികൾ ജാഗരൂകമാകണമെന്നും പാർട്ടി അംഗങ്ങൾ ബ്രാഞ്ച് പരിധിയിൽ ഗൃഹസമ്പർക്കം സജീവമാക്കണമെന്നും നിർദേശമുണ്ട്. പാർട്ടി അംഗങ്ങൾ മാതൃകാജീവിതം തുടരണം. കളങ്കിതരിൽനിന്ന് സംഭാവന സ്വീകരിക്കുന്നത് ഒഴിവാക്കണം. അനുഭാവി യോഗങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കണം. പുതുമുഖങ്ങൾക്ക് സംഘടനാ വിദ്യാഭ്യാസം നൽകണമെന്നും നിർദേശമുണ്ട്. സി പി എം കണ്ണൂർ ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്.സംഘടനാ ചർച്ചയിൽ മനുതോമസ്, പി ജയരാജന്റെ സമൂഹമാധ്യപോസ്റ്റുകൾ, നവീൻ ബാബുവിൻ്റെ മരണത്തിൽ എടുത്ത നിലപാടുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായേക്കും.