‘കേരളത്തില്‍ കാട്ടുനീതിയോ ? പ്രതിപക്ഷം ശബ്ദിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്’ ; സമരങ്ങളെ കിരാതമായി അടിച്ചമർത്തുന്ന സർക്കാർ നടപടിക്കെതിരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ

Jaihind News Bureau
Sunday, September 20, 2020

സാധാരണ ജനങ്ങളുടെ പ്രതിനിധിയായി ശബ്ദമുയർത്തുന്ന പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാരിന്‍റെയും പൊലീസിന്‍റെയും കിരാത നടപടിക്കെതിരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തില്‍ നടക്കുന്നത് കാട്ടുനീതിയാണോ എന്ന് ചോദിച്ച അദ്ദേഹം അനീതികള്‍ക്കെതിരായ പൗരന്മാരുടെ പ്രതിഷേധത്തെ ഏകാധിപതിയെ പോലെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നതായും പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിനെതിരെയാണ് ഫാ. സേവ്യർ ഖാന്‍ വട്ടായില്‍ രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇവർ തെരുവില്‍  തല്ലുകൊള്ളുന്നത് നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണെന്നത് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളെ കിരാതമായി അടിച്ചമർത്തുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തെ യുവജനങ്ങള്‍ ശത്രുരാജ്യത്തെ ഭീകരരല്ല. ഏകാധിപതിയെപ്പോലെ സമരം അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാവില്ല. തെരുവില്‍ തല്ലുകൊള്ളുന്നവര്‍ ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നവരാണ്. പ്രതിപക്ഷം ശബ്ദിക്കുന്നത് സാധാരണ ജനത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷവും നാടിന്‍റെ ഭാഗമാണന്നു ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറയുന്നു. ഭരണപക്ഷമാണ് എല്ലാമെന്ന കാഴ്ചപ്പാട് ശരിയല്ല. പ്രതിപക്ഷ സമരങ്ങളെയും എതിർശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം കേരളത്തിന് അപമാനകരമാണ്. പ്രതിഷേധക്കാരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. പ്രതിപക്ഷ സമരം ജനാധിപത്യം സംരക്ഷിക്കാനും ഇവിടെ സാധാരണ ജനങ്ങള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

https://www.facebook.com/xavier.vattayil/videos/360295385003359