വാദിയെ പ്രതിയാക്കുന്നു: സഭയില്‍ ഇന്നും പ്രതിഷേധം; പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

 

തിരുവനന്തപുരം: നിയമസഭയെ ഇന്നും പ്രക്ഷുബ്ധമാക്കി പ്രതിപക്ഷ എംഎല്‍എമാർക്കെതിരായ സഭയിലുണ്ടായ അക്രമം.   പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ചു. സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.

ചോദ്യോത്തര വേളയ്ക്കിടെയാണ് പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തത്. പിന്നാലെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അടിയന്തരപ്രമേയം മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വാദി പ്രതിയായ സ്ഥിതിയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.

പ്രതിപക്ഷ പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളംവെച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോ എന്ന് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 9 മിനിറ്റ് മാത്രം സമ്മേളിച്ച നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പതിവുപോലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.

Comments (0)
Add Comment