വാദിയെ പ്രതിയാക്കുന്ന സർക്കാർ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെ സമരം വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, March 17, 2023

 

തിരുവനന്തപുരം: വാദിയെ സർക്കാർ പ്രതിയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയത്തിനുള്ള അനുമതി തേടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയാറല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.

സിപിഎം ഗുണ്ടയെപ്പോലെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ പ്രവർത്തിച്ചതെന്നും അതാണ് പ്രശ്നത്തിന് കാരണമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെ.കെ രമ നൽകിയ പരാതിയിൽ നടപടിയില്ല. പകരം തിരിച്ച് ജാമ്യമില്ലാ കേസെടുത്തു. വാദിയെ പ്രതിയാക്കുന്ന നടപടി. മുഖ്യമന്ത്രിയുടെ ഈ ധാർഷ്ട്യത്തിനെതിരെ വിട്ടുവിഴ്ചയില്ലാതെ പോരാടും. സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.

വാദികളായ എംഎൽഎമാർക്കെതിരെ രാത്രി കേസെടുത്തതിന് ശേഷമാണ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തര പ്രമേയ നോട്ടെസിനുള്ള അവകാശം പണയപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.