‘മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതാകും’ പോലീസിനെ ഇറക്കി സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട; ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, February 21, 2023

 

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരായ പോലീസ് നരനായാട്ടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സർക്കാരിന്‍റെ നികുതിക്കൊള്ളയ്ക്കും പോലീസ് അതിക്രമത്തിനുമെതിരെ പ്രതികരിച്ച പ്രവര്‍ത്തകരെ പോലീസ് ക്രൂരമായാണ് തല്ലിച്ചതച്ചത്. പ്രവർത്തകരെ സന്ദർശിക്കാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനുമെതിരെയും പോലീസ് അതിക്രമമുണ്ടായി. പോലീസ് അതിക്രമം പേടിച്ച് സമരം നിർത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങുമെന്നും മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാകുമെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

നികുതിക്കൊള്ളയ്‌ക്കെതിരെ എറണാകുളത്ത് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ നൂറ്റി അന്‍പതോളം പൊലീസുകാര്‍ പ്രവര്‍ത്തകരെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കളമശേരി, തൃപ്പൂണിത്തുറ സി.ഐമാരുടെ നേതൃത്വത്തില്‍ പട്ടിയെ അടിക്കുന്നതു പോലെയാണ് ഞങ്ങളുടെ കുട്ടികളെ നേരിട്ടത്. നികുതിക്കൊള്ളയ്‌ക്കെതിരായ സമരം ഇതോടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനം. സമരം ഇങ്ങനെ അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇങ്ങനെയാണ് സമരത്തെ നേരിടുന്നതെങ്കില്‍ മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും. പ്രതിപക്ഷത്തിന് സത്യഗ്രഹം മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ആയിരം പൊലീസുകാരുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്.

സംഭവം അന്വേഷിച്ചെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയെയും ഡി.സി.സി അധ്യക്ഷനെയും കളമശേരി സി.ഐ ആക്രമിച്ചു. മിവ ജോളിയെന്ന കെ.എസ്.യു നേതാവിനെ ആക്രമിച്ചതും ഇതേ സി.ഐയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഷാഫി പറമ്പിലിനെയും ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചത്. നടപടിയെടുത്തില്ലെങ്കില്‍ പതിന്‍മടങ്ങ് ശക്തിയോടെ സമരവുമായി മുന്നോട്ട് പോകും. അടിച്ചമര്‍ത്തി സമരത്തെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. അസലായി സമരം ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആരും വീട്ടില്‍ കയറില്ല. പക്ഷെ മുഖ്യമന്ത്രിക്ക് വീട്ടില്‍ കയറേണ്ടി വരും. എം.എല്‍.എമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ എല്ലാവരും തെരുവില്‍ ഇറങ്ങാന്‍ പോകുകയാണ്.

പൊലീസ് അതിക്രമം പേടിച്ച് എല്ലാവരും സമരം നിര്‍ത്തി വീട്ടില്‍ കയറുമെന്നത് വെറും തോന്നലാണ്. പ്രതിപക്ഷത്തിന് സത്യഗ്രഹ സമരം മാത്രമല്ല അറിയുന്നതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വിഷയം മാറ്റാനാണ് മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ഇറങ്ങിയിരിക്കുന്നത്.