കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥ; കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രി; വിഡി സതീശന്‍

കൊച്ചി: കേരളത്തില്‍ കാണം വിറ്റാലും ഓണം ഉണ്ണാനാവാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയായിരിക്കും.

ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. മാവേലി സ്റ്റേറില്‍ സാധനങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയതിനാണ് ഞങ്ങള്‍ ഇഷ്ടം പോലെ പണം നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ആറ് ഗഡു ഡി.എ കുടിശികനല്‍കാനുണ്ട്. സ്‌കൂളിലെ പാചകക്കാര്‍ക്കും ആശ്വാസകിരണം പദ്ധതിയില്‍പ്പെട്ടവര്‍ക്കുമൊക്കെ പണം നല്‍കാനുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ലോട്ടറി, കയര്‍ തുടങ്ങി എല്ലാ മേഖലകളിലും പണം നല്‍കാനുണ്ട്. സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സാധാരണക്കാരന്റെ സ്ഥിതി ദയനീയമാണ്. എന്ത് വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്. നികുതിക്കൊള്ളയെയും നിരക്ക് വര്‍ധനകളെയും തുടര്‍ന്ന് നാല് മാസമായി ഒരു ശരാശരി കുടുംബത്തിന്റെ ചെലവ് 4000 മുതല്‍ 5000 രൂപ വരെ വര്‍ധിച്ചു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സര്‍ക്കാരാണിത്. ആറ് ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാനാകാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണ്. ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

Comments (0)
Add Comment