സ്വർണ്ണക്കടത്ത്: സ്വപ്ന അടക്കമുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻ.ഐ.എ

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷടക്കമുള്ളവരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

സ്വപ്ന, സരിത്ത്, സന്ദീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ ആണ് കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം സ്വപ്നയടക്കമുള്ള മുഖ്യ പ്രതികൾക്കെതിരെ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എൻ.ഐ.എയുടെ അപ്രതീക്ഷിത നടപടി. എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ നാളെ ഹാജരാക്കാൻ എൻ.ഐ കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ നെഞ്ച് വേദനയെ തുടർന്ന് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന സ്വപ്ന സുരേഷിന് നാളെ ആന്‍ജിയോഗ്രാം പരിശോധന തീരുമാനിച്ചതിനാൽ കോടതിയിൽ ഹാജരാക്കാനിടയില്ല.

അതേസമയം അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയുന്ന സ്വപ്നയെ സന്ദർശിക്കാൻ ഭർത്താവിനും മകനും അമ്മയ്ക്കും എൻ.ഐ.എ കോടതി അനുമതി നൽകി. ഒരു മണിക്കൂർ സമയമാണ് കോടതി അനുവദിച്ചത്. ആശുപത്രിയിൽ വെച്ച് സ്വപ്ന ഫോൺ ഉപയോഗിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇതേ കുറിച്ചും എൻ.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment