ബെംഗലൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻസിബി അനുമതി തേടിയേക്കും

Jaihind News Bureau
Saturday, November 14, 2020

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ അനുമതി തേടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക കോടതിയെ സമീപിച്ചേക്കും. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 25 വരെ റിമാൻഡിലുള്ള ബിനീഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18നാകും എൻ.സി.ബി കോടതിയെ സമീപിക്കുക.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻ.സി.ബി തയ്യാറെടുക്കുന്നതോടെ ബിനീഷിന് കുരുക്ക് കൂടുതൽ മുറുകും. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുത് പൂർണമായും അടയും.

ബിനിഷീന്‍റെ ബിനാമികളെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, അനിക്കുട്ടൻ, എസ്. അരുൺ, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ വ്യാപാര പങ്കാളി കോഴിക്കോട് കാപ്പാട് സ്വദേശി റഷീദ് എന്നിവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇനിയും ചോദ്യം ചെയ്യാനുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.

അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിർണായകമായി. തുടർന്ന് താൻ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നൽകിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡിയുടെ പിടിയിലായി.

അതേസമയം, ഈ പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നോ എന്നാകും പ്രധാനമായും എൻസിബി അന്വേഷിക്കുക. ബിനീഷിന്റെ ബിനാമി കമ്പനികളെന്നു സംശയിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ബിനീഷിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ബിനീഷിനെ ക്വാറന്‍റീൻ സെല്ലിൽ നിന്നു സാധാരണ സെല്ലിലേക്ക് ഉടൻ മാറ്റും.

https://youtu.be/D0GsJHTR5GE