വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഒരു വർഷമാക്കി നീട്ടി നല്‍കണം : ഹൈബി ഈഡൻ എം.പി

Jaihind News Bureau
Sunday, April 26, 2020

വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്‍കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ് ബാങ്ക് ഗവർണർ എന്നിവർക്ക് കത്ത് നല്‍കി.

കൊവിഡ് 19 ന്‍റെ സാഹചര്യത്തിൽ ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. സമാന സാഹചര്യം നമ്മുടെ രാജ്യത്തുമുണ്ട്. ഉപജീവനത്തിനും ഭവന നിർമ്മാണത്തിനും മക്കളുടെ വിവാഹ ആവശ്യങ്ങൾക്കുമെല്ലാമായി ലോൺ എടുത്തിരിക്കുന്നവരാണ്‌ വലിയ പ്രതിസന്ധിയിലാകുന്നത്. മധ്യവർഗത്തെയാണ്‌ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇവരുടെ ജീവനമാർഗമായ ചെറുകിട വ്യാപാര വ്യവസായങ്ങളും തൊഴിലും വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്‌. ഈ ആഘാതത്തിൽ നിന്ന് അവർ തിരിച്ചെത്തണമെങ്കിൽ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

നിലവിൽ പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയത്തിൽ ഉപഭോക്താവിന്‍റെ മേൽ ചുമത്തുന്ന അധിക പലിശയോ പിഴ പലിശയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് കേന്ദ്ര മന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കിയിരുന്നു.