‘രാജ്യത്ത് ന്യൂനപക്ഷം കടുത്ത ഭീതിയില്‍; അക്രമങ്ങള്‍ക്ക് മോദി സർക്കാർ പിന്തുണ നല്‍കുന്നു’: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, February 26, 2023

റായ്പുർ: ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ അക്രമങ്ങൾ വർധിച്ചുവരുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദിയിലും ഇംഗ്ലീഷിലുമായായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിലാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ അക്രമങ്ങൾ വർധിച്ചു വരുന്നു. ഡൽഹിയിൽ അവർക്ക് പ്രതിഷേധിക്കേണ്ടതായി വന്നു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്നും മോദി സർക്കാരാണ് ഇതിന് പിന്തുണ നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ കോൺഗ്രസ് പ്രവർത്തകരും എസ്ഇ – എസ്ടി കോളനികൾ സന്ദർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ കെപിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ ഇത്തരം കോളനികളെ ഏറ്റെടുത്തിരുന്ന ഗാന്ധി ഗ്രാമം പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള പ്രസംഗത്തിൽ സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്‌ജെന്‍ഡർ എന്നിവർക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും ഇത്ര വലിയ ഒരു ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയ രാഹുൽ ഗാന്ധി അഭിനന്ദനം അർഹിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.