ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാർത്ഥിക്ക് നിപ ഇല്ല; തിരുവനന്തപുരത്ത് ആശ്വാസം

 

തിരുവനന്തപുരം: തലസ്ഥാനത്ത് ആശ്വാസം. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

പനി ബാധിച്ച് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധന ഫലം നെഗറ്റീവ് ആയതോടെ തലസ്ഥാനത്തെ നിപ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കടുത്ത പനിയെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈക്കിൽ സഞ്ചരിക്കവേ വവ്വാൽ ഇടിച്ചു എന്ന് വിദ്യാർത്ഥി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പരിശോധനാ ഫലം നെഗറ്റീവ് ആയത്. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനാ ഫലം കൂടിയാണിത്.

അതേസമയം കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാന ലെവൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്നും ദിശയുടെ പ്രവർത്തനം ഏത് നേരവും സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിപ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്‍റിയര്‍ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

2 എപ്പിക് സെന്‍ററുകളാണുള്ളത്, ഇവിടെ പോലീസിന്‍റെ കൂടി ശ്രദ്ധയുണ്ടാകും. എപ്പിക് സെന്‍ററിന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളില്‍ പ്രാദേശികമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും തുടങ്ങിയ കാര്യങ്ങളും ഇന്നലെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Comments (0)
Add Comment