സോളാർ കേസ്: വിവാദ ദല്ലാള്‍ കത്ത് വാങ്ങിയത് പണം നല്‍കി, പേജുകളുടെ എണ്ണം പലതവണ മാറ്റി; വെളിപ്പെടുത്തല്‍

Jaihind Webdesk
Monday, September 11, 2023

 

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരിയില്‍ നിന്ന് വിവാദ ദല്ലാള്‍ കത്തു വാങ്ങിയത് പണം നല്‍കിയാണെന്ന് വെളിപ്പെടുത്തല്‍. ജയിലില്‍ വെച്ചെഴുതിയത് ആകെ 21 പേജുള്ള കത്താണെന്നും വെളിപ്പെടുത്തല്‍. പരാതിക്കാരിയുടെ വിശ്വസ്തന്‍ വിനുകുമാറാണ് മൊഴി നല്‍കിയത്. പരാതിയെ പിന്തുണച്ച് മൊഴി നല്‍കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നതായും വിനു വെളിപ്പെടുത്തി.

കത്തിന്‍റെ പേജുകളുടെ എണ്ണം പല തവണ മാറ്റിയെന്ന് ഇയാള്‍ പറയുന്നു. ദല്ലാള്‍ നന്ദകുമാര്‍ സിബിഐക്ക് നല്‍കിയത് 19 പേജുള്ള കത്താണെന്നും എന്നാല്‍ ചാനലിന് 25 പേജുള്ള കത്ത് നല്‍കിയെന്നും വിനുകുമാര്‍ ആരോപിക്കുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ ഗണേഷ് കുമാർ ഉള്‍പ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്നും പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്നും വ്യക്തമാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. കെ.ബി. ഗണേഷ്കുമാർ, ഗണേഷ് കുമാറിന്‍റെ ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളിന്‍റെ ഇടപെടലും സിബിഐ നൽകിയ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു.

മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയതു വിവാദ ദല്ലാൾ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്കു മൊഴി നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢനീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്.