തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള നീക്കം ദുരൂഹം : കെ.പി.സി.സി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നല്‍കി

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള നീക്കം ദുരൂഹമെന്ന് കോണ്‍ഗ്രസ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട്കെ.പി.സി.സി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് നിവേദനം നല്‍കി.

2019 ലെ വോട്ടര്‍ പട്ടികയ്ക്ക് പകരമായി 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നഷ്ടപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വഴിവെക്കുന്നതുമാണ് ഈ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക വിശ്വാസയോഗ്യവും കുറ്റമറ്റതുമാണ്. അത് ഒഴിവാക്കി 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള നീക്കം ദുരൂഹമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കെ.പി.സി.സി സംഘം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദേശ പ്രകാരം ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍ എന്നിവരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.

kpccvoters list
Comments (0)
Add Comment