നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലെ ചർച്ച അവസാനിപ്പിക്കണം; സിപിഎമ്മിന്‍റേത് അവസരവാദ രാഷ്ട്രീയമെന്ന് കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Friday, September 17, 2021

 

കൊച്ചി : നർക്കോട്ടിക് ജിഹാദ് വിവാദത്തിലെ ചർച്ചകള്‍ അവസാനിപ്പിക്കണമെന്ന് കെപിസി സി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സർക്കാരിനോട് പലതവണ വിഷയത്തിൽ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ല. സിപി എമ്മിന്‍റേത് അവസരവാദ രാഷ്ട്രീയമാണെന്നും കെ സുധാകരൻ എംപി  കൊച്ചിയിൽ പറഞ്ഞു.

മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്നം തണുപ്പിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമായിരുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇടപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതസമാദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ച കോൺഗ്രസ് ആരംഭിച്ചുവെന്നും ഇതോടെയാണ് മന്ത്രി വാസവനെ ചർച്ചയ്ക്കായി മുഖ്യമന്ത്രി പാലായിലേക്ക് അയച്ചതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിവാദത്തിലായ മുഖ്യമന്ത്രിയുടെ നടപടിയെ കെ സുധാകരൻ വിമർശിച്ചു.
പിണറായിയുടെ കൺകണ്ട നേതാവാണ് പ്രധാനമന്ത്രിയെന്നും ആയുസിന് വേണ്ടി പ്രാർത്ഥിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയവർ ഒറ്റപ്പെട്ട് നിൽക്കുന്ന അനുയായികളില്ലാത്ത നേതാക്കളാണ്. പോയവരെക്കാൾ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് തിരിച്ച് വരുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചന്വേഷിച്ച സമിതി റിപ്പോർട്ട് പരിശോധിച്ച്, വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടി ഉണ്ടാവും. 2024 ലെ തെരഞ്ഞെടുപ്പിൽ ബൂത്ത് കമ്മിറ്റി ഇല്ലാത്ത ഒരു കോൺഗ്രസ് ബൂത്തും ഉണ്ടാവില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു.