ബോംബ് സ്‌ഫോടന കേസിലെ പ്രതി അമല്‍ ബാബുവിനെ സി പി എം ബ്രാഞ്ച് സെക്രട്ടറി ആക്കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. അമല്‍ ബാബുവിന് ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് എം വി ജയരാജന്റെ വാദം.
അമല്‍ ബാബു സ്‌ഫോടന സ്ഥലത്ത് പോയത് കൊണ്ടാണ് പ്രതിയാക്കിയത്, പിന്നീടുള്ള അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. അതിന്റെ ഭാഗമായി പാര്‍ട്ടി അമല്‍ ബാബുവിനെതിരെ എടുത്ത നടപടിയുടെ കാലാവധി തീര്‍ന്നു.അമല്‍ ബാബു പ്രതിയാണെന്നുള്ള പൊലീസ് റിപ്പോര്‍ട്ട് വസ്തുതയല്ലെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് പാനൂര്‍ ബോംബ് കേസിലെ പ്രതിയായ അമല്‍ ബാബുവിനെ തിരഞ്ഞെടുത്തത്. 2024 ഏപ്രില്‍ 5ന് നടന്ന സ്ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി ഷെറില്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമല്‍ ബാബു സ്ഫോടന ശേഷം ബാക്കിയായ ബോംബുകള്‍ ഒളിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പന്ത്രണ്ട് പേരായിരുന്നു പ്രതികള്‍.