കസ്റ്റംസ് കേസിൽ ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തടഞ്ഞു. എതിര്‍വാദം ഉണ്ടെങ്കില്‍ കസ്റ്റംസിന് അതിനകം ഫയല്‍ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. ശിവശങ്കറിൻ്റെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യേപേക്ഷയില്‍ പറഞ്ഞിരുന്നു .

അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ് ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസില്‍ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസില്‍ വ്യക്തമല്ലെന്നും എന്ത് കൊണ്ട് ഹരാസ് ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കര്‍ ഹര്‍ജിയില്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രം 34മണിക്കൂര്‍ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു.

മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത കസ്റ്റംസ് നിലവില്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കോടതിയില്‍ വാദിച്ചു. സമന്‍സ് കൈപ്പറ്റാന്‍ പോലും ശിവശങ്കര്‍ വിസമ്മതിച്ചു. ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രി തന്നെ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞിരുന്നു എന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.ഇരു വാദങ്ങളും കേട്ട ശേഷമാണ് കോടതി ഉത്തരവ്.

Comments (0)
Add Comment