മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ച് കെ.സി.വേണുഗോപാല്‍ എംപി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ പങ്കു വഹിക്കുന്ന മത്സ്യ മേഖലയും, രാജ്യത്തെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളും കടുത്ത അവഗണയിലും ദുരിതത്തിലുമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ കുറ്റകരമായ അവഗണനയും, മൗനവും പിന്തുടരുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും പറഞ്ഞു. ഈ കാതലായ പ്രശ്നങ്ങള്‍ക്കൊന്നും ഉത്തരം നല്കാത്ത മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
സാമൂഹികപരമായി പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാര വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അവരുടെ സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ കൃത്യമായി ശേഖരിക്കണമെന്നും കെസി വേണുഗോപാല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന കടല്‍ മണല്‍ ഖനനം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും കടുത്ത അമര്‍ഷവും ഉളവാക്കിയിരിക്കുകയാണ്. എല്ലാ ശാസ്ത്രീയ പഠനങ്ങളും പറയുന്നത് തീരദേശ കടല്‍ ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ്. ഈ നയത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടലില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ കൂടാതെ നമ്മുക്ക് കായലിലും പുഴയിലും മത്സ്യബന്ധനം നടത്തുന്ന വലിയൊരു സമൂഹമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യ ഉത്പാദന രാഷ്ട്രമായിരുന്നിട്ട് കൂടി ഈ മേഖലയിലെ സര്‍ക്കാര്‍ നയങ്ങള്‍ ഏറെ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ തീരദേശങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉത്പാദനക്ഷമതയുള്ള പ്രദേശങ്ങളാണ്. പക്ഷേ ഇന്ന് അവ തീരശോഷണത്തിന്റെയും, കടല്‍ക്കയറ്റത്തിന്റെയും പിടിയിലാണ്. നമ്മുടെ തീരങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വിശാലമായ കടല്‍ത്തീരത്തിന്റെ ഓരോ 500 കിലോമീറ്ററിലും തുറമുഖം സ്ഥാപിച്ചിരിക്കുന്നത് ഒരൊറ്റ കമ്പനി ആണെന്നത് ഒരു അപായസൂചനയാണ്. പശ്ചിമ ബംഗാള്‍ മുതല്‍ കേരളത്തിലെ വിഴിഞ്ഞം വരെ അവരുടെ നിയന്ത്രണത്തിലാണ്. തുറമുഖങ്ങളുടെ സ്വകാര്യവത്കരണം മൂലം നിരവധി മത്സ്യതൊഴിലാളികളുടെ വീടുകള്‍ നഷ്ട്‌പ്പെടുകയും കുടിയിറക്കപ്പെടുകയും പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതെ സമയം പാരിസ്ഥിതീക മാറ്റം മൂലം വേമ്പനാട് കായലില്‍ പോലും മത്സ്യബന്ധനം സാധ്യമല്ലാത്ത രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പോളകള്‍ നിറഞ്ഞും, മാലിന്യം കയറിയും നമ്മുടെ സമൃദ്ധമായ ജലാശയങ്ങള്‍ മരണക്കെണിയിലാണ്.
ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെയും ബംഗാള്‍ മുതല്‍ ലക്ഷദ്വീപ് വരെയുളള തീരപ്രദേശങ്ങളിലെയും ജനങ്ങള്‍ പ്രകൃതിയുടെ കരുണയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്. നമ്മുടെ രാജ്യത്തിന് അന്നം നല്കുകയും സ്വന്തം കുടുംബങ്ങളില്‍ പട്ടിണി അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ജനതയാണവര്‍. ജോലി ചെയ്താലും കൂലിയുറപ്പിലാത്ത ഒരേയൊരു തൊഴിലാണ് മത്സ്യതൊഴിലാളികളുടേത്. 2018 ല്‍ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നു. പക്ഷേ ഇപ്പോള്‍ നാം അവരെ വിസ്മരിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.