പോരാട്ട നാടകത്തിന് തിരശീല: ഗവർണർക്ക് കൈ കൊടുത്ത് സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കും

Jaihind Webdesk
Wednesday, January 4, 2023

തിരുവനന്തപുരം: ഗവർണർ-സര്‍ക്കാർ പോരാട്ട നാടകത്തിന് അവസാനം.  നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിലും സർക്കാരുമായി ഗവർണർ ഒത്തുതീർപ്പിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാന്‍ സർക്കാർ തീരുമാനിച്ചത്.

ഇതോടെ കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 13 ന് അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.

അതേസമയം സര്‍ക്കാർ-ഗവർണർ പോര് വ്യാജമാണെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഓരോ സംഭവങ്ങളും. കഴി് ഒരു വർഷമായി വിവിധ വിഷയങ്ങളില്‍ പ്രത്യക്ഷത്തില്‍ തർക്കത്തിലാണെന്ന് വരുത്തിത്തീർക്കുകയും എന്നാല്‍ ക്ലൈമാക്സില്‍ ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്നതാണ് പതിവായി കണ്ടുവരുന്നത്. സജി ചെറിയാന്‍ വിഷയത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇതിന് പിന്നാലെ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തോടെയാണ് പോരാട്ട നാടകത്തിനും തിരശീല വീഴുന്നത്.