വയനാട്ടിൽ 1200 കോടിയുടെ നഷ്ടമുണ്ടെന്ന് പ്രാഥമിക കണക്കെന്ന് സർക്കാർ; ശാസ്ത്രീയ റിപ്പോർട്ടുകൾ ലഭിച്ചോയെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, August 16, 2024

 

എറണാകുളം: വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടൊയെന്നും കോടതി ചോദിച്ചു. വൈകാതെ പൂർണമായ കണക്കുകൾ സമർപ്പിക്കാൻ കഴിയുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വയനാട്ടില്‍ സംഭവിച്ചതു പോലൊരു ദുരന്തം ഇനിയുണ്ടാകാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ദുരിതബാധിതരുടെ പുനരധിവാസത്തിനു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഒപ്പം ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ സമൂഹത്തിൽ നിന്ന് റിപ്പോർട്ടുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. പുനരധിവാസ കാര്യങ്ങള്‍ പൂർത്തിയാകുന്നതിനൊപ്പം മറ്റു സ്ഥലങ്ങളിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തണം. വയനാട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ പഠിച്ചും വിലയിരുത്തിയും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണം. മഴയുടെ സ്വഭാവവും തീവ്രതയും കൃത്യമായി നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സംവിധാനം വേണം. തുടർച്ചയായി പെയ്യുന്ന മഴ അപകട കാരണമാകുന്നുവെന്നുണ്ടെങ്കിൽ അത് അപകടത്തിലേക്ക് നയിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണം. പുനരധിവാസം, മറ്റ് അപകട മേഖലകൾ, മഴയുടെ തീവ്രത തുടങ്ങിയ കാര്യങ്ങളിലെല്ലാം ആഴ്ച തോറും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം.

വയനാട് 1200 കോടി രൂപയുടെ പ്രാഥമിക നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് അന്തിമമല്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 1055 വീടുകള്‍ ഇവിടെ വാസയോഗ്യമല്ലാതായി. 231 പേർ മരിച്ചിട്ടുണ്ട്, 128 പേരയാണ് കാണാതായിട്ടുള്ളത്. 178 പേരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. തിരിച്ചറിയാത്ത 53 പേരെ സംസ്കരിച്ചു. 202 ശരീരഭാഗങ്ങളാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ പക്കലുള്ളത്. 91 പേരുടെ ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. 7 എണ്ണം ഫൊറൻസിക് പരിശോധനയക്ക് അയച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു.

4 പാലങ്ങൾ, 209 കടകൾ, 100 മറ്റു കെട്ടിടങ്ങൾ, 2 സ്കൂളുകൾ, 1.5 കിലോമീറ്റർ ഗ്രാമീണ റോ‍ഡുകൾ, 124 കിലോമീറ്റർ വൈദ്യുതിലൈൻ, 626 ഹെക്ടർ കൃഷി ഭൂമി എന്നിവ വയനാട്ടിൽ നഷ്ടപ്പെട്ടിടുണ്ട് എന്നും സർക്കാർ അറിയിച്ചു. കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയ പാത അതോറിറ്റി, കേന്ദ്ര ജല കമ്മീഷൻ, ഇന്ത്യൻ നാഷനൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ എന്നിവരെ കേസിൽ കക്ഷി ചേർക്കാനും കോടതി നിര്‍ദേശിച്ചു.