പുതിയ സാമ്പത്തികവർഷത്തെ കടമെടുപ്പിന് നീക്കം തുടങ്ങി സർക്കാർ; 2000 കോടി സമാഹരിക്കാന്‍ ശ്രമം

Jaihind Webdesk
Wednesday, April 17, 2024

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ പുതിയ സാമ്പത്തിക വർഷത്തെ കടമെടുപ്പിനും നീക്കം ശക്തമാക്കി. പിടിച്ചുനിൽക്കാൻ അടുത്തയാഴ്ച 2,000 കോടി രൂപ സർക്കാർ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് 2,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നീക്കം ഊർജിതമാക്കിയത്.

ഈ സാമ്പത്തികവർഷവും സംസ്ഥാന സർക്കാരിന്‍റെ കടമെടുപ്പിന് കുറവുണ്ടാവില്ല എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് സർക്കാർ പുതുവർഷത്തിലെ കടമെടുപ്പ് ആരംഭിക്കുന്നത്. കടമെടുപ്പിനുള്ള അന്തിമാനുമതി വൈകുന്ന സാഹചര്യത്തിൽ മുൻകൂർ വായ്പയാണ് കടമെടുക്കുന്നത്. 5,000 കോടി മുൻകൂർ വായ്പയ്ക്ക് അനുമതി തേടിയെങ്കിലും 3,000 കോടി എടുക്കാനാണ് കേന്ദ്രത്തിന്‍റെ അനുമതിയുള്ളത്. ഇതിൽ നിന്നുള്ള 2,000 കോടിയാണ് ചൊവ്വാഴ്ച കടപ്പത്രങ്ങളുടെ ലേലം വഴി സമാഹരിക്കാന്‍ ധനവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനാകും ഈ പണം പ്രധാനമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ട്രഷറിയിൽ മുക്കാൽ ലക്ഷത്തിലേറെ ബില്ലുകളാണ് കെട്ടിക്കിടന്നത്. 1,785.62 കോടി രൂപയുടെ 79,764 ബില്ലുകളാണ് ട്രഷറിയിൽ കെട്ടിക്കിടക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടേത് ഉൾപ്പെടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ആണ് ഇതിലേറെയും. ഇതിനുപുറമെ അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യാനും സർക്കാരിന് പണം കണ്ടെത്തേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ അനുവദിച്ച തുക പൂർണ്ണമായി അടുത്തയാഴ്ച തന്നെ എടുക്കുന്നതിനും ശ്രമം നടക്കുകയാണ്. കേരളത്തിന് ഈ സാമ്പത്തികവർഷം 37,512 കോടി കടമെടുക്കാനാണ് അനുമതി ഉള്ളത്. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത കടത്തിന്‍റെ പേരിൽ ഇത്തവണത്തെ വായ്പാപരിധിയിൽ നിന്ന് എത്ര കോടി കുറയ്ക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.