ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം, ആവശ്യപ്പെട്ടാല്‍ കെഎസ്ആർടിസി സർവീസ്; വിദ്യാർത്ഥികളുടെ യാത്രയ്ക്ക് മാർഗരേഖ

Jaihind Webdesk
Wednesday, September 22, 2021

 

തിരുവനന്തപുരം : സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് മാർഗരേഖയുമായി ഗതാഗതവകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടിക്ക് മാത്രമാകും യാത്രചെയ്യാന്‍ അനുമതി. നിന്നുള്ള യാത്രയ്ക്ക് അനുമതിയില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു.

സ്കൂള്‍ ബസുകളിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഒക്ടോബർ 20 ന് മുമ്പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ  അറിയിച്ചു. സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകള്‍ തുറക്കാനാണ് സർക്കാർ തീരുമാനം.