ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം

Jaihind News Bureau
Monday, October 26, 2020

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം. ബുധനാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. തെക്കൻ ബിഹാറിലെ 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം മുൻതൂക്കം നേടിയ മേഖലകളാണിത്.

കൊവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബിഹാറിൽ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങൾ, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ സുരക്ഷാ എന്നിവക്കാണ് മഹാസഖ്യം പ്രാധാന്യം നൽകിയത്. എന്നാൽ പ്രചാരണം കൊട്ടിക്കലാശത്തോട് അടുത്തതോടെ അഴിമതി ആരോപണങ്ങളിലേക്ക് തിരിഞ്ഞു. ഒന്നര പതിറ്റാണ്ടായി തുടരുന്ന അഴിമതി ഭരണം അവസാനിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
16 ജില്ലകളിലെ 71 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുക.

കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യവും എൻഡിഎ യും തമ്മിലാണ് ബിഹാറിലെ പ്രധാന പോരാട്ടം. ഇരുമുന്നണികൾക്കും സാധ്യത കൽപ്പിക്കുന്ന തെരഞ്ഞെടുപ്പ് സർവ്വേകളാണ് പുറത്ത് വന്നിരിക്കുന്നത്.