യു.ഡി.എഫിന്‍റേത് ജനവികാരം പ്രതിഫലിക്കുന്ന പ്രകടനപത്രിക ; തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി ആദ്യ യോഗം ചേർന്നു | Video

Jaihind News Bureau
Saturday, January 23, 2021

 

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. ജനവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കുന്നത്. ജനങ്ങളുമായി സംവദിച്ച് ജനഹിതം അറിയാനായി ശശി തരൂർ എം.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസങ്ങളിലായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ശശി തരൂർ ആശയവിനിമയം നടത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര വമ്പിച്ച വിജയമാക്കാൻ വേണ്ടി അതത് എം.പിമാരെ ചുമതലപ്പെടുത്തും. നാല് ജില്ലകളിലെ യാത്രയുടെ ഏകോപനം വിവിധ നേതാക്കള്‍ക്കാണ്. കോട്ടയം ജില്ലയിലെ യാത്രയുടെ ഏകോപനച്ചുമതല ഉമ്മൻ ചാണ്ടി നിർവഹിക്കും. വയനാട്, ആലപ്പുഴ ജില്ലകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും മലപ്പുറത്ത് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി സിദ്ദിഖിനുമാണ് യാത്രയുടെ ചുമതല. മറ്റുള്ള ജില്ലകളില്‍ എം.പിമാർക്കായിരിക്കും യാത്രയുടെ ഉത്തരവാദിത്വം. ജനുവരി 31 നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്.

എ.ഐ.സി.സി നിയോഗിച്ച നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലുസിനോ ഫെലേറൊ, കർണാടക മുന്‍ മന്ത്രി ജി പരമേശ്വര തുടങ്ങിയവരും തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തു.