ഉത്ര വധക്കേസില്‍ അന്തിമവാദം ഇന്നുമുതല്‍; പ്രതി സൂരജിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കും

Jaihind Webdesk
Friday, July 2, 2021

കൊല്ലം: ഉത്ര വധക്കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്നുമുതല്‍. ബുധനാഴ്ച പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായി. കൊല്ലം  അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.

വിചാരണയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മൂന്ന് സിഡികള്‍ തൊണ്ടിമുതല്‍ വിഭാഗത്തിലും ഹാജരാക്കി. ഡിജിറ്റൽ തെളിവുകൾ നേരിൽ പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം നടക്കുക. പ്രതിയായ സൂരജിനെ വീഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികളിൽ പങ്കെടുപ്പിക്കും. ഇന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്‍റെ വാദമാണ് കോടതി കേള്‍ക്കുന്നത്.

പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളായി വിസ്തരിച്ച ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. രാഗേഷ്, പാമ്പുപിടിത്തക്കാരനായ വാവ സുരേഷ്, തിരുവനന്തപുരത്തെ കെമിക്കല്‍ അനാലിസിസ് ലാബിലെ അസി. കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ യുറേക്ക എന്നിവരെ പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു.

അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. സൂരജിനു പാമ്പിനെ നൽകിയ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷ് കേസിൽ മാപ്പുസാക്ഷിയാണ്. 2020 മേയ് 7 ന് ആയിരുന്നു സംഭവം. ഉത്ര വധക്കേസ് അന്വേഷിച്ച സംഘത്തിലെ 12 പേരെ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.