കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം നീതിക്കായുള്ള ഈ പോരാട്ടവും വിഷയവും അവസാനിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രണ്ട് സുപ്രധാന കാര്യങ്ങളില്‍ പരിഹാരവും നീതിയും ഉണ്ടാകേണ്ടതുണ്ട്. അതില്‍ ആദ്യത്തേത്, മനുഷ്യക്കടത്തും മതപരിവര്‍ത്തനവും കന്യാസ്ത്രീകള്‍ക്ക് മേല്‍ അന്യായമായി ചുമത്തിയ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ തന്നെ ആ കേസ് റദ്ദാക്കണം. രണ്ട്, കന്യാസ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും വിദ്വേഷ പ്രചരണം നയിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം. അടിയന്തരമായി രണ്ട് വിഷയങ്ങളിലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അനിവാര്യമായ നടപടിയെടുക്കണമെന്നും അതുണ്ടാകും വരെ വിശ്വാസ സമൂഹത്തോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ കന്യാസ്ത്രീകളെ ഒമ്പത് ദിവസത്തേക്ക് തെറ്റായി തടവിലാക്കി എന്നതാണ് സത്യം. നമ്മുടെ എംപിമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടപ്പോള്‍, ഈ കേസ് എന്‍ഐഎയുടെ പരിധിയില്‍ വരുന്നതല്ലെന്ന് അദ്ദേഹം അവരെ അറിയിച്ചു. എന്നിരുന്നാലും, കേസ് എന്‍ഐഎ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടു, എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് വാദിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.