ഉത്തർ പ്രദേശില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മണിപ്പൂരില്‍ ആദ്യ ഘട്ടം നാളെ

Jaihind Webdesk
Sunday, February 27, 2022

 

ലക്‌നൗ : ഉത്തർപ്രദേശിൽ 61 മണ്ഡലങ്ങളിലേക്ക് അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അയോധ്യ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമായേക്കും. മാർച്ച് പത്തിനാണ് 5 വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ 12 ജില്ലകളിലായി 61 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആകെ 403 നിയമസഭാ സീറ്റുകളുള്ള യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പാണ്  നടക്കുന്നത്. കോൺഗ്രസിന്‍റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേഠി എന്നി ജില്ലകൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലും ബിജെപിക്ക് ഏറെ നിർണായകമായ അയോധ്യയിലും ഇന്നാണ് പോളിംഗ് നടക്കുന്നത്.

മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഫെബ്രുവരി 27 ആണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അത് നാളത്തേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 60 നിയമസഭാ സീറ്റുള്ള മണിപ്പൂരില്‍ 5 ജില്ലകളിലെ 38 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.  സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തിയാൽ പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കുമെന്നാണ് കോൺഗ്രസ് നൽകുന്ന പ്രധാന വാഗ്ദാനം. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുമെന്നും യുവാക്കൾക്ക് പ്രതിവർഷം 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസ് ഉറപ്പ് നല്‍കുന്നു. ഇരുസംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.