പൂരങ്ങളുടെ പൂരം നാളെ; ഇന്ന് പൂര വിളംബരം

Jaihind News Bureau
Monday, May 5, 2025

പൂരപ്രേമികള്‍ക്ക് ആവേശമായി തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന് നടക്കും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക. രാവിലെ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവില്‍ അമ്മയുടെ തിടമ്പേറ്റി. പിന്നാലെ തെക്കേഗോപുര വാതില്‍ തുറന്ന് നിലപാട് തറയില്‍ എത്തി മൂന്നുതവണ ശംഖ് ഊതിയാണ് പൂര വിളംബരം നടത്തുക. ഇതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്.നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമാവും. തൃശൂര്‍ പൂരം സാപിള്‍ വെടിക്കെട്ട് ഇന്നലെ രാത്രി 7ന് നടന്നു. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും സാംപിളിനു തിരി കൊളുത്തി.

നാളെയാണ്് പൂരപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. നാളെ രാവിലെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും. തുടര്‍ന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.

പകല്‍ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത് ശക്തന്‍ തമ്പുരാനാണ്. പൂരം കാണുവാനായി വിദേശത്തു നിന്നും സ്വദേശത്തുനിന്നും പതിനായിരക്കണക്കിന് ആളുകളാണ് തൃശൂര്‍ നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. ആനകള്‍, കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.