കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സാ ചെലവുകള്‍ കേന്ദ്രം വഹിക്കണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സക്കായുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും ഫാക്സ് സന്ദേശമയച്ചു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ ഫ്ലൈറ്റ് ആയതിനാല്‍ തന്നെ യാത്രക്കാരില്‍ ഭൂരിഭാഗവും ജോലിയും ബിസിനസും നഷ്ടപ്പെട്ട് തിരികെ മടങ്ങിയവരാകാം. കൊവിഡ് കാലത്ത് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടമാണ് കരിപ്പൂരില്‍ സംഭവിച്ചത്.

കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന പരിക്കേറ്റ യാത്രക്കാര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള ചികില്‍സ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തണമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം എം.കെ രാഘവന്‍ എം.പി വ്യക്തമാക്കി. ദുരന്ത നിവാരണ സമിതിയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തിലാണ് വിഷയം പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടത്.

Comments (0)
Add Comment