വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Jaihind Webdesk
Wednesday, November 8, 2023

 

കോട്ടയം: മാഞ്ഞൂരിൽ കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച പ്രവാസി മലയാളി കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മാഞ്ഞൂർ സ്വദേശി ഷാജിമോൻ ജോർജ് ആണ് ഇന്ന് കോട്ടയം കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. അതേസമയം ഷാജിമോൻ ബാക്കി രേഖകൾ കൂടി സമർപ്പിക്കുമ്പോൾ കെട്ടിട നമ്പർ അനുവദിക്കുമെന്ന് വ്യവസായ കേന്ദ്രം ജിഎം അറിയിച്ചു.

ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു കോട്ടയം കളക്ടറേറ്റിൽ വ്യവസായ കേന്ദ്രം ജിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ചുചേർത്തത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ യോഗം ബഹിഷ്കരിച്ച് പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് പുറത്തേക്ക് ഇറങ്ങിപ്പോയി. കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത പ്രശ്നപരിഹാര അദാലത്തിൽ ഷാജിമോന്‍റെയും പഞ്ചായത്ത് അധികൃതരുടെയും കാര്യങ്ങളെല്ലാം ചർച്ച ചെയ്തു. എന്നാൽ ചർച്ചയ്ക്കിടയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഷാജിമോൻ ഇറങ്ങിപ്പോയത്. ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷാജിമോൻ ചർച്ചയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ഷാജിമോന്‍ പറയുന്നു.

അതേസമയം ഇന്നലെ ഉണ്ടായ ഉറപ്പനുസരിച്ച് കാര്യങ്ങൾ നീങ്ങുമെന്നും ഷാജിമോൻ മൂന്ന് രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച ശേഷം കെട്ടിട നമ്പർ പഞ്ചായത്ത് നൽകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജിഎം ലൗലി എം.വി. പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു തന്‍റെ വ്യവസായ സംരംഭത്തിന് കെട്ടിട നമ്പർ അനുവദിക്കാൻ മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ തയ്യാറാല്ലെന്ന് ചൂണ്ടിക്കാട്ടി ഷാജിമോൻ ജോർജ് പ്രതിഷേധിച്ചത്. ഒടുവിൽ മോൻസ് ജോസഫ് എംഎൽഎ അടക്കമുള്ളവർ പ്രശ്നത്തിൽ ഇടപെട്ടതിനെത്തുടർന്ന് മൂന്നു രേഖകൾ സമർപ്പിച്ചാൽ നമ്പർ അനുവദിക്കാമെന്ന ഉറപ്പിന്മേൽ ഷാജിമോൻ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ ഈ വിഷയം ചർച്ച ചെയ്യാനായി ഇന്ന് കോട്ടയം കളക്ടറേറ്റിൽ ചേർന്ന യോഗമാണ് ഷാജിമോൻ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ നടത്താൻ താൻ തയാറെല്ലെന്നും ഷാജിമോൻ വ്യക്തമാക്കി. വിഷയത്തിൽ നിയമപദേശം തേടാനാണ് ഷാജിമോന്‍റെ തീരുമാനം.