മുഖം രക്ഷിക്കാന്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നു; പി എസ് പ്രശാന്തിന്റെ കസേര തെറിക്കും; പകരം ടി പി ദേവകുമാര്‍?

Jaihind News Bureau
Thursday, November 6, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ, നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കസേര തെറിക്കുമെന്ന് ഉറപ്പായി. പുതിയ ഭരണസമിതിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ ടി.കെ. ദേവകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ. അജികുമാറിന്റെയും കാലാവധി ഈ മാസം 12-ന് അവസാനിക്കാനിരിക്കെ, 2026 ജൂണ്‍ വരെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. ഈ മാസം 16-ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ഭരണത്തുടര്‍ച്ച ഉറപ്പാക്കാനായിരുന്നു നീക്കം.

2019-ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവമാണ് നിലവിലെ ബോര്‍ഡിനെ സംശയ നിഴലിലാക്കിയത്. വിഷയത്തില്‍ കോടതിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, നിലവിലെ ബോര്‍ഡിന് തുടരാന്‍ അനുമതി നല്‍കുന്നത് കോടതിയില്‍ നിന്ന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. കൂടാതെ, കാലാവധി നീട്ടാനായി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പോലും കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പിടാതിരിക്കാനുള്ള സാഹചര്യവും സര്‍ക്കാര്‍ മുന്നില്‍ കാണുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്. നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനായ ദേവകുമാര്‍, ഹരിപ്പാട് മുന്‍ എം.എല്‍.എയും സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. മുന്‍ എം.പി. എ. സമ്പത്തിന്റെ പേരും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. സി.പി.ഐ. പ്രതിനിധിയായി, കാലാവധി അവസാനിക്കുന്ന എ. അജികുമാറിന് പകരമായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗമായേക്കുമെന്നും സൂചനകളുണ്ട്.