
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത കേരളം എന്ന പദ്ധതിയുടെ അവകാശവാദങ്ങള്‍ തള്ളി, ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ പഠന റിപ്പോര്‍ട്ടുമായി പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരം രംഗത്ത്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പട്ടികജാതി കുടുംബങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണ്.
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ 4676 പട്ടികജാതി കുടുംബങ്ങളില്‍ 2871 കുടുംബങ്ങളെ കേന്ദ്രീകരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികളാണ് ഈ സമഗ്ര സര്‍വേ നടത്തിയത്. സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പരിഗണിക്കുന്ന ടോയ്‌ലറ്റ്-സാനിറ്റേഷന്‍, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നീ നാല് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
സര്‍വേയില്‍ ഉള്‍പ്പെട്ട 70 വീടുകളില്‍ ഇപ്പോഴും ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ല, 2741 വീടുകള്‍ക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങളില്ല, സ്ഥിരവരുമാനമില്ലാത്ത 1574 കുടുംബങ്ങള്‍ മണ്ഡലത്തിലുണ്ട്, ആരോഗ്യ മേഖലയില്‍ കൃത്യമായ ചികിത്സ ലഭിക്കാത്ത 2574 കുടുംബങ്ങളുണ്ട് പ്രതിദിനം 200 രൂപയില്‍ താഴെ വരുമാനമുള്ള 10 അതിദരിദ്ര കുടുംബങ്ങളും മണ്ഡലത്തിലുണ്ട് തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.
ഈ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്ന് നജീബ് കാന്തപുരം എം.എല്‍.എ. ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, സംസ്ഥാനത്തെ യഥാര്‍ത്ഥ അവസ്ഥയാണ് ഈ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവിട്ട കണക്കുകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നജീബ് കാന്തപുരം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.