രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം പൂര്‍ണമായും തെറ്റ് : ജയറാം രമേശ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യവും തെറ്റുമാണെന്ന് കോണ്‍ഗ്രസ് എംപിയും കമ്മ്യൂണിക്കേഷന്‍സ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേഷ് . ഈ വിഷയത്തില്‍ സുപ്രീം കോടതി ഇന്ത്യയുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാത്തത് ഏറ്റവും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.  നളിനിയെയും രവിചന്ദ്രനെയും കൂടാതെ, റോബർട്ട് പയസ്, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരാണ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും മോചിതരാകും.

1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച്  ശ്രീലങ്കയില്‍ നിന്നുള്ള ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) ഗ്രൂപ്പിന്‍റെ ഒരു വനിതാ ചാവേറാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. 33 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നളിനി ശ്രീഹരനെയും മറ്റ് അഞ്ച് പ്രതികളെയും സുപ്രീം കോടതി മോചിപ്പിച്ചത്. ഇന്ന് പുറത്തിറങ്ങിയ ആറ് പേരില്‍ റോബര്‍ട്ട് പയസ്, ജയകുമാര്‍, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്.

Comments (0)
Add Comment