ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന അപകടകരമായ തകർച്ച പരിശോധിക്കണം: വി.ഡി. സതീശൻ

Jaihind Webdesk
Friday, May 24, 2024

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗം അപകടകരമായ തകർച്ചനേരിടുന്നുവെന്നും അത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും പ്രത്യാഘാതം എന്തായിരിക്കും എന്നതിനെക്കുറിച്ചും കെഎസ്‌യു പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘റിസർജൻസ്’ തെക്കൻ മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഗവൺമെന്‍റിനെതിരെ ശക്തമായ ജനവിരുദ്ധ വികാരം ഉണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ പ്രാധാന്യം അനുസരിച്ച് തരംതിരിച്ച് ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ നേതൃത്വത്തെക്കാൾ മികച്ച നേതൃനിര കെഎസ്‌യുവിനുണ്ട്. വിദ്യാർത്ഥികളുമായി ആശയവിനിമയവും ചർച്ചകളും വർധിപ്പിക്കണം. കൂടുതൽ ക്യാമ്പസുകൾ പാർട്ടി തലത്തിൽ ശ്രദ്ധിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന അക്കാദമിക് വർഷത്തിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സംവിധാനം ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേ സമയം ക്യാമ്പസിന്‍റെ ട്രെന്‍ഡും വികാരവും മനസിലാക്കിയുള്ള മാറ്റങ്ങൾ ഉണ്ടാവണമെന്നും പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടുമ്പോൾ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി. യുഡിഎഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എം. വിൻസന്‍റ്, എൽദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, വി.എസ്. ജോയ്, ജോസഫ് വാഴക്കൻ, എം. ലിജു,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എ.കെ. ശശി, ജ്യോതികുമാർ ചാമക്കല, എൻഎസ്‌യുഐ ദേശീയ സെക്രട്ടറി സമ്പത്ത് കുമാർ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാർ, സംഘടനാ ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവർ പ്രസംഗിച്ചു.