സർക്കാരിന്റെ തെറ്റായ ധനവിനിയോഗം കാരണം ഉണ്ടായ പ്രതിസന്ധിക്ക് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സി.പി.എം നടപടിക്കെതിരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിന്റെ പോരായ്മ കൊണ്ടും തെറ്റായ നയങ്ങളും ദുർവ്യയവും കാരണം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ പരിഹാര നടപടികൾ എന്ന വ്യാജേന ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയതിനെതിരെ അധ്യാപക സംഘടന പ്രതിഷേധ സമരം നടത്തിയതിനെ നവ മാധ്യമങ്ങളിലൂടെ അക്രമിക്കാൻ എട്ടും പൊട്ടും തിരിയാത്ത സൈബർ ഗുണ്ടകളെ ഇറക്കി പുതിയ സാമൂഹ്യ പ്രതിബന്ധതയുടെ കോട്ട കെട്ടുന്ന സി.പി.എം നടപടി പാപ്പരത്തമാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സി.പി.എം പ്രവർത്തകരായ ക്രിമിനലുകളെ കൊലപാതക കേസിൽ നിന്നും രക്ഷിക്കാൻ ഖജനാവിലെ പൊതുപണം ചെലവഴിക്കാൻ യാതൊരു ഉളുപ്പും മാനവും ഇല്ലാത്തവർ
അധ്യാപകസംഘടനകൾ സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ സാധാരണക്കാരെ അധ്യാപകർക്കെതിരെയും സർക്കാർ ജീവനക്കാർക്കെതിരെയും തിരിച്ചുവിടാൻ പ്രതിസന്ധി കാലത്തെ സാമൂഹ്യ പ്രതിബന്ധതയുടെ പുതിയ ജാലവിദ്യകാട്ടി, മസ്തിഷ്കം പാർട്ടിക്ക് പണയം വെച്ച സൈബർ ഗുണ്ടകളുടെ അവസരവാദ ആക്രമണം മൂലം മറയ്ക്കാൻ കഴിയില്ല.
കേരളത്തിന്റെ പൊതുഖജനാവ് ചോർത്താൻ ആവശ്യമില്ലാത്ത തസ്തികകൾ സൃഷ്ടിച്ച് അധികാരത്തിന്റെ ശീതളിമയിൽ പാർട്ടിക്കാരെ കുടിയിരുത്തി കോടികൾ പൊടിക്കുമ്പോഴും പ്രതിസന്ധി കാലത്ത് മുഖ്യമന്ത്രിയുടെ കരിപുരണ്ട ഇമേജ് വെളുപ്പിക്കാൻ പബ്ലിക്ക് റിലേഷൻ ആവശ്യത്തിന് കോടികൾ ചെലവഴിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധത തോന്നേണ്ട ധനമന്ത്രി കാശിക്ക് പോയിരുന്നോ എന്നുകൂടി സാമൂഹ്യ ഉദ്ബോധനത്തിന്റെ പുതിയ കഥകൾ മെനയുമ്പോൾ സി.പി.എം ഓർക്കണമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.