പേഴ്സണല്‍ സ്റ്റാഫുകള്‍ എല്ലാം പാര്‍ട്ടിക്കാര്‍ മതി ; തീരുമാനമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Jaihind Webdesk
Friday, May 21, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടി പിടിമുറുക്കുന്നു.  മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാനാണ് തീരുമാനം. ഒന്നാം പിണറായി സർക്കാർ നിരവധി ആരോപണങ്ങളിൽ പെട്ട് പുലിവാല് പിടിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ മേഖലയിലും പാർട്ടിക്കാരെ നിയമിക്കുന്നത്.

പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്സണൽ സ്റ്റാഫിലും പാർട്ടി അംഗങ്ങളിൽ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം. പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നിയമനങ്ങള്‍ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശമുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരും. ഡെപ്യൂട്ടേഷനിൽ വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവർ സർക്കാരിന്‍റെ കാലാവധി കഴിയുന്നതിന് മുമ്പ് വിരമിക്കുന്നവരാകരുത് എന്ന ഉദ്ദേശത്തോടെയാണ് തീരുമാനം.