കൊവിഡ്: സംസ്ഥാനത്ത് ഒരു സംവിധാനവുമില്ല, ആരോഗ്യമന്ത്രിക്ക് യാതൊരു ധാരണയുമില്ല; സിപിഎം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുന്നു

Jaihind Webdesk
Saturday, January 22, 2022

 

കോഴിക്കോട് : കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഗൗരവമായ ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നേരമില്ലാത്തവിധം ആരോഗ്യമന്ത്രി എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

എല്ലാവരോടും വീടുകളില്‍ കഴിയാനാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു സൗകര്യങ്ങളുമില്ല. കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടാന്‍ സമയമായില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും 22000 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കൊവിഡ് വന്നാല്‍ ഗുരുതരമാകുമെന്നതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നേരത്തെ കാസ്പ പ്രകാരം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുണ്ടായിരുന്നു. അതും റദ്ദാക്കി. ജാഗ്രത പാലിക്കണമെന്ന് പറയുന്നതല്ലാതെ കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം. ഒന്നും രണ്ടും തരംഗത്തിന്‍റെ സമയത്തുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി വിദഗ്ധ സമിതിയും ആരോഗ്യ സെക്രട്ടറിയും എന്‍.ആര്‍.എച്ച്.എം ഡയറക്ടറും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണ്.

ഹൈക്കോടതി വിധി കാസര്‍ഗോഡിന് മാത്രമാണ് ബാധകമെന്നു വ്യാഖ്യാനിച്ച് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ചു കൊണ്ട് സി.പി.എം ഇന്ന് തൃശൂരിലും സമ്മേളനം നടത്തി. സി.പി.എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്. പരസ്യമായി നിയമലംഘനം നടത്തുകയാണ്. അഞ്ചു പേരെ വച്ചുകൊണ്ട് സമരം നടത്തിയതിന് പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ഇന്‍ഡോറായി നടത്തുന്ന യോഗങ്ങള്‍ക്ക് 75 പേര്‍ മാത്രമെ പാടുള്ളെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സി.പി.എം പരസ്യമായി ലംഘിച്ചാണ് തൃശൂരില്‍ സമ്മേളനം നടത്തിയത്. കോടതി പറഞ്ഞതു കൊണ്ടു മാത്രമാണ് കാസര്‍ഗോട്ടെ സമ്മേളനം ഇന്നലെ അവസാനിപ്പിച്ചത്. തൃശൂരില്‍ കോടതി ഉത്തരവ് ബാധകമല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ വ്യാഖ്യാനം നിയമസംവിധാനത്തെ പോലും പരിഹസിക്കുന്നതിന് തുല്യമാണ്. സമ്മേളനം നടത്തുക എന്നതല്ലാതെ കൊവിഡ് നിയന്ത്രിക്കുന്നതിന് ഒരു നടപടിയുമില്ല. എല്ലാം കൈവിട്ടു പോയി. കൊവിഡ് നിയന്ത്രണത്തിന് സര്‍ക്കാരിന്‍റെ കൈയ്യില്‍ ഒരു സംവിധാനങ്ങളുമില്ല. ആരോഗ്യവകുപ്പ് നിശ്ചലമായിരിക്കുകയാണ്.

രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നേരമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അവര്‍ ഇത്ര തിരക്കിട്ട് എന്ത് ജോലിയാണ് കേരളത്തില്‍ ചെയ്യുന്നത്? മന്ത്രിക്കെതിരെ എന്ത് രാഷ്ട്രീയ ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്? ആളുകളോട് വീടുകളില്‍ കഴിയാനാണ് പറയുന്നത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ചെറിയ വീടുകളിലാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും അസുഖം വരും. കൊവിഡ് മൂന്നാം വരവിന്‍റെ മുന്നറിയിപ്പ് രണ്ടു മാസം മുമ്പെ വന്നതാണ്. എം.എല്‍.എമാരുടെ 4 കോടി രൂപ വീതം 600 കോടിയോളം രൂപ മാറ്റിവച്ചത് മൂന്നാം തരംഗത്തെ നേരിടാനാണെന്നാണ് പറഞ്ഞത്. എന്നിട്ട് ഒരു സംവിധാനവും ഒരുക്കിയില്ല. മൂന്നാം തരംഗത്തെ നേരിടാന്‍ എന്ത് സംവിധാനം ഒരുക്കിയെന്നതില്‍ സര്‍ക്കാരിന് മറുപടിയുമില്ല.

ജനങ്ങളെ അവരവരുടെ വിധിക്ക് വിട്ടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? നടത്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതുപോലെയാണ് ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത്. മുകള്‍ത്തട്ടില്‍ ഉള്ളവര്‍ തന്നെ നിയമം ലംഘിക്കുകയാണ്. നിയമം ലംഘിക്കേണ്ട പ്രതിപക്ഷമാണ് കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ സമരം ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചത്. പ്രതിപക്ഷം ഇങ്ങനെ ചെയ്യുമ്പോള്‍ ഭരണപക്ഷം എന്തെങ്കിലും ഉത്തരവാദിത്തം കാട്ടണ്ടേ? മമ്മൂട്ടിക്ക് അസുഖം വന്നത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിട്ടല്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ജനങ്ങളെ പരിഹസിക്കലാണ്. ജനങ്ങള്‍ ജാഗ്രത കാട്ടണമെന്നും കല്യാണങ്ങള്‍ക്ക് 20 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്നുമാണ് പറയുന്നത്. ജനങ്ങള്‍ അതിനോടൊക്കെ സഹകരിക്കുമ്പോഴും സി.പി.എം നിയമലംഘനം നടത്തുകയാണ്. എന്നിട്ട് അതിനെ ന്യായീകരിക്കും.

കാസര്‍ഗോഡ് കളക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ സി.പി.എമ്മില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. അവധിയില്‍ പോയത് അതുകൊണ്ടാണെന്നല്ലേ കരുതാനാകൂ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളുള്ള തൃശൂരിലാണ് ഇന്ന് സമ്മേളനം നടത്തിയത്.

കാര്യമാത്ര പ്രസക്തമല്ലാത്ത ഒരു വിമര്‍ശനവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. 25000 കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളിച്ചുവച്ചെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒളിച്ചു വച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ 1900 പേരുകള്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും അയ്യായിരത്തിലധികം പേരുകള്‍ പുറത്തുവരാനുണ്ട്. മരണക്കണക്ക് സര്‍ക്കാര്‍ ഒളിച്ചുവച്ചെന്ന് പറഞ്ഞ പ്രതിപക്ഷത്തെ അന്ന് പലരും പരിഹസിച്ചു. ഇപ്പോള്‍ പ്രതിപക്ഷം അന്നു പറഞ്ഞത് സത്യമാണെന്ന് വ്യക്തമായില്ലേ? കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പേരു പോലും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കാനാകൂ. രണ്ടാം തരംഗം പോലെ അപകടകാരിയായ വൈറസായിരുന്നു ഇപ്പോഴെങ്കില്‍ എത്ര ലക്ഷം പേര്‍ മരിച്ചേനെ?

പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ജില്ലാ സമ്മേളനങ്ങളും തിരുവാതിരകളിയും മൂന്നാം തരംഗത്തിന് മുന്നൊരുക്കങ്ങള്‍ നടത്താത്തതുമാണ്. ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊവിഡ് നിയന്ത്രണം സംബന്ധിച്ച് ഒരു ധാരണയുമില്ല. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുമ്പും ഇതുതന്നെയായിരുന്നു അവസ്ഥ.