രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ്‌ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുപന്ഥാവൊരുക്കി ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിക്ഷേപിച്ചു. ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് നിര്‍മിച്ചതാണ് വിക്രം-എസ് റോക്കറ്റ്. രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്നാണ് മൂന്ന് ഉപഗ്രഹങ്ങളെയും വഹിച്ച് വിക്രം കുതിച്ചുയർന്നത്. പുതിയ ദൗത്യം രാജ്യത്തെ യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് സ്‌കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത്. 290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് വിക്രം-1 റോക്കറ്റ്. ‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ മൂന്ന്  ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് അവ.

നവംബര്‍ 12നും 16നും ഇടയില്‍ വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതി. കനത്ത മഴ കാരണമാണ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്ക് പകരമായി പ്രൊപ്പൽഷൻ സെന്‍ററിൽ നിന്നായിരുന്നു വിക്രം–എസിന്‍റെ വിക്ഷേപണം.

Comments (0)
Add Comment