ബംഗളുരു: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് കയ്യടി നേടി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ. ജനങ്ങള്‍ക്കു മുന്നിലേക്ക് വെച്ച അഞ്ചു വാഗ്ദാനങ്ങള്‍ക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അംഗീകാരം നല്കി. ഈ വര്‍ഷം തന്നെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അഞ്ചു വാഗ്ദാനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൃഹജ്യോതി, ഗൃഹ ലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ഉചിത പ്രയാണ എന്നിങ്ങനെയുള്ള അഞ്ച് വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കുന്നത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് ഗൃഹജ്യോതി പദ്ധതി. ഗൃഹ ലക്ഷ്മി പദ്ധതിയിലൂടെ എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നല്‍കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി അന്ന ഭാഗ്യ പദ്ധതിയിലൂടെ ലഭിക്കും. ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്നതാണ് യുവനിധി പദ്ധതി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നതാണ് ഉചിത പ്രയാണ പദ്ധതി.