മതികെട്ടാൻചോല ബഫർ സോൺ പ്രഖ്യാപനം മരവിപ്പിക്കണം ; പ്രകാശ് ജാവദേക്കറോട് ഡീൻ കുര്യാക്കോസ് എം പി

 

ന്യൂഡല്‍ഹി : മതികെട്ടാൻ ചോല ബഫർ സോൺ പ്രഖ്യാപനം മരവിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. വനം- പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറെ നേരിൽ കണ്ടാണ് ഇക്കാര്യം ഉന്നയിച്ചത്.  കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ജനപക്ഷ നിലപാട് സ്വീകരിക്കണം. കഴിഞ്ഞ ആഗസ്റ്റ് 13 ന് കരട് വിജ്ഞാപനം പ്രഖ്യാപിച്ചതിൽ നിന്നും യാതൊരു വ്യത്യാസവും അന്തിമ വിജ്ഞാപനം പ്രഖ്യാപിച്ചപ്പോൾ വന്നിട്ടില്ല. ജനവാസ കേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും പൂർണ്ണമായും ബഫർ സോൺ പരിധിയിൽ നിന്നും ഒഴിവാക്കുമെന്ന് സംസ്ഥാന സർക്കാർ വാക്കു നൽകിയിട്ടും അതു പാലിക്കപ്പെട്ടില്ല. ഇക്കാര്യം നേരത്തേ വനം പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംസ്ഥാന സർക്കാർ അക്കാര്യം ശുപാർശ ചെയ്യണമെന്നായിരുന്നു മറുപടി.

എന്നാൽ ഇപ്പോൾ പൂപ്പാറ വില്ലേജിൽ 100 കണക്കിന് ആളുകൾ അധിവസിക്കുന്ന മേഖലകൾ ബഫർ സോൺ പരിധിയിൽ വന്നിരിക്കുകയാണ്. മാത്രവുമല്ല മതി കെട്ടാൻ ചോലയുടെ വടക്കു-കിഴക്ക് പ്രദേശത്തും, കിഴക്ക് പ്രദേശത്തും തമിഴ്നാടിന്‍റെ മേഖലയിൽ പൂജ്യം ബഫർ സോണായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് കേരളത്തിന് തമിഴ്നാടിന്‍റെ ഭാഗത്ത് ശുപാർശ ചെയ്യാൻ സാധ്യമല്ല എന്നാണ്. തമിഴ്നാടിനും കേരളത്തിനും 2 നീതി എന്നത് അംഗീകരിക്കാൻ ആകില്ല. ഇക്കാര്യത്തിൽ സംഭവിച്ച വീഴ്ച്ച പരിഹരിക്കാൻ തയ്യാറാകണം. ആയതിനാൽ പ്രഖ്യാപിക്കപ്പെട്ട ഗസറ്റ് തെറ്റ് തിരുത്തി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി പുന:പ്രസിദ്ധീകരിക്കാൻ തയ്യാറാകണം.

കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് ഇഎസ്എ പ്രദേശങ്ങളെ നിശ്ചയിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൻ്റെ കാലാവധി വീണ്ടും ദീർഘിപ്പിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂൺ 30 വരെ എല്ലാ പരിസ്ഥിതി വകുപ്പിൻ്റെ വിജ്ഞാപനങ്ങളുടെയും കാലപരിധി ദീർഘിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പ്രകാശ് ജാവദേക്കർ ഡീൻ കുര്യാക്കോസ് എംപിയെ അറിയിച്ചു. ഉടൻ തന്നെ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുള്ള ഇളവുകൾ സംബന്ധിച്ച് അന്തിമ ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments (0)
Add Comment