‘ശിവശങ്കറിന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പ്രതികരിക്കണം’; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് രമേശ് ചെന്നിത്തല

 

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ ശിവശങ്കറിന്‍റെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എം ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നേടിയെടുക്കാനായി കോഴ നൽകിയെന്ന സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴപ്പണം സ്വര്‍ണ്ണമായി സൂക്ഷിച്ച് പിന്നീട് ഡോളറായി കടത്തി എന്ന സംശയത്തിലാണ് തുടർച്ചയായി മൂന്ന് ദിവസം ശിവശങ്കറെ ഇ.ഡി ചോദ്യം ചെയ്തിരുന്നത്. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ.ഡി കടന്നിരിക്കുന്നതെന്നാണ് വിവരം. കേസില്‍ നേരത്തെ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴി. ലൈഫ് മിഷന്‍ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്‍റേത്. കോഴ ഇടപാടില്‍ ശിവശങ്കറിന്‍റെ പങ്കില്‍ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. നേരത്തെ സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി ഉദ്യേഗസ്ഥർ വ്യക്തമാക്കുന്നത്. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. തന്‍റെ പേരില്‍ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്‍റെ ലോക്കറിനെക്കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാൽ ഈ മൊഴി മുഖവിലക്കെടുക്കാതെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്.

അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാളെക്കൂടി ഇ.ഡി പ്രതി ചേർത്തു. തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യദുവിന് മൂന്ന് ലക്ഷം രൂപ കോഴ ലഭിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദു കൃഷ്ണനാണ്.

Comments (0)
Add Comment