മുഖ്യമന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സംവിധാന്‍ ബെച്ചാവോ റാലിയില്‍ പങ്കെടുത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയും പൂരം നടക്കുന്നതിനാല്‍ തൃശൂരും ഒഴികെയുള്ള ഡിസിസികളുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കേരളജനത തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. അഴിമതിയില്‍ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായിവിജയനെ വെള്ള പൂശാന്‍ വേണ്ടിയാണ് കോടികള്‍ ധൂര്‍ത്ത് നടത്തിയുള്ള വാര്‍ഷികാഘോഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി ആഹ്വാനപ്രകാരം മലപ്പുറം കലക്ട്രേറ്റിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, സെക്രട്ടറിമാരായ കെ പി എ മജീദ്, പി ടി അജയ് മോഹന്‍, വി ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനങ്ങളെ വെല്ലിവിളിക്കുകയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.ചോദ്യങ്ങള്‍ ചോദിച്ചാല്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്ത് കൊള്ളയും നടത്താമെന്നുള്ള തെറ്റുധാരണയിലാണ് പിണറയി ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊച്ചി കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കളക്ടറേറ്റ് മാര്‍ച്ച് നടന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.