പ്രാര്‍ത്ഥനാഗീതം ആലപിക്കവെ എഴുന്നേല്‍ക്കാതെ മുഖ്യമന്ത്രി, കടന്നപ്പള്ളിയെയും തടഞ്ഞു; ഗുരുനിന്ദയെന്ന് വിമർശനം, വിവാദം | VIDEO

Jaihind Webdesk
Monday, January 2, 2023

 

കണ്ണൂര്‍: ഗുരു സ്തുതി പ്രാർത്ഥനാ ഗീതം ആലപിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു നിൽക്കാതെ ഇരുന്നത് വിവാദമാകുന്നു. കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെയാണ് സംഭവം. മുഖ്യമന്ത്രിയുടെ നടപടി ഗുരുനിന്ദയെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം.

തോട്ടട എസ്.എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോളേജിലെത്തിയത്. ക്യാമ്പസിലെത്തിയ മുഖ്യമന്ത്രി പരിപാടി തുടങ്ങുന്നതിന്‍റെ ഭാഗമായി സ്കന്ദപുരാണത്തിലെ ഗുരു ഗീതയായ ഗുരു ബ്രഹ്മോ, ഗുരു വിഷ്ണു, ഗുരു ദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രഹ്മം എന്നു തുടങ്ങുന്ന ഹൈന്ദവ ഗുരു സ്തുതി ആലപിച്ചപ്പോൾ ആദ്യം എഴുന്നേറ്റു നിൽക്കാൻ തുടങ്ങുകയും എന്നാല്‍ പ്രാര്‍ത്ഥനയാണെന്ന് മനസിലാക്കിയതോടെ  കസേരയിൽ അമർന്നിരിക്കുകയുമായിരുന്നു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കണ്ണൂർ നിയോജകമണ്ഡലം എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രനെ തടഞ്ഞ മുഖ്യമന്ത്രി ഇരിക്കാന്‍ പറയുകയും ചെയ്തു.

വേദിയിലുണ്ടായിരുന്ന എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രാർത്ഥന ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊതു പരിപാടികൾ തുടങ്ങുമ്പോൾ പ്രാർത്ഥനയ്ക്ക് വേദിയിൽ പങ്കെടുക്കുന്നത് സർവസാധാരണമാണ്. തെരുവിൽ നടക്കുന്ന പൊതുസമ്മേളനങ്ങൾക്കിടയിൽ മുഴങ്ങുന്ന ബാങ്ക് വിളി കേട്ടാലും പ്രസംഗിക്കുന്നവർ അൽപനേരം നിശബ്ദരാകാറുണ്ട്. എന്നാൽ ഇവിടെ മുഖ്യമന്ത്രി ആ സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് എസ്എൻഡിപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.