“അത് മർദ്ദനമല്ല, ജീവന്‍ രക്ഷാപ്രവർത്തനം!” ഡിവൈഎഫ്ഐ ഗുണ്ടായിസത്തിന് വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി

Tuesday, November 21, 2023

 

കണ്ണൂർ: പഴയങ്ങാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസിനു മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

“ജീവൻ അപകടപ്പെടുത്താൽ ഉള്ള തരത്തിൽ ചാടി വരുമ്പോൾ അവരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. അത് ആക്രമണം അല്ല. ബസിന്‍റെ മുൻനിരയിലിരുന്ന് ഞാനത് കണ്ടതാണ്. അത് ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമം ആണ്. ഒരു തീവണ്ടിയുടെ മുന്നിലേക്ക് ഒരാൾ വീഴുമ്പോൾ അയാളെ രക്ഷിക്കാൻ എടുത്തെറിയേണ്ടി വന്നേക്കും.അതിൽ പരിക്ക് പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അത് ജീവൻ രക്ഷാ മാർഗമാണ്. ആ രീതിയാണ് ഡിവൈഎഫ്ഐക്കാർ ഉപയോഗിച്ചത്. ആ രീതി തുടരുക തന്നെ ചെയ്യും” – മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഹെല്‍മറ്റ് കൊണ്ടു തല്ലിച്ചതയ്ക്കുന്നതാണോ ജീവന്‍രക്ഷാ പ്രവർത്തനമെന്ന ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.