റബർ മേഖലയോടുള്ള സർക്കാരിന്‍റെ അവഗണന തുടരുന്നു; കർഷകർ പ്രതിസന്ധിയില്‍; മറ്റ് കൃഷിയിലേയ്ക്ക് തിരിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

Jaihind News Bureau
Friday, February 28, 2020

റബർ മേഖലയോടുള്ള സർക്കാരിന്‍റെ അവഗണന മൂലം കർഷകർ വ്യാപകമായി മറ്റു കൃഷികളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ബഡ്ജറ്റിലും അവഗണന നേരിട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ നിരവധി കർഷകരാണ് ഇതര കൃഷികൾ ആരംഭിച്ചത്. മാസങ്ങളായി സബ്സിഡിയും മറ്റും ലഭ്യമാകാത്ത സാഹചര്യത്തിൽ റബർ കൃഷിയുമായി ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

റബർ കർഷകരോടുള്ള സർക്കാരിന്‍റെ അവഗണന റബ്ബറിന്‍റെ നാടായ കോട്ടയത്ത് എത്രത്തോളം പ്രതിഫലിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇന്ന് ജില്ലയിലുടനീളം കാണുനാകുന്നത്. റബർമരങ്ങള്‍ വെട്ടിമാറ്റപ്പെട്ടിരിക്കുന്നു, റബർതോട്ടങ്ങള്‍ മറ്റു വിളകള്‍ക്ക് വഴിമാറുന്നു. ഇതാണ് ഇന്ന് ജില്ലയിലെ കാഴ്ച.

റബറിന്‍റെ സബ്സിഡി മാസങ്ങളായി ലഭിക്കാതായതോടെ കർഷകർ ബുദ്ധിമുട്ടിലായി. ഇതോടെ പിടിച്ചു നിൽക്കാൻ പാടുപെട്ട സാധാരണക്കാരായ കർഷകർ റബർ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിയുകയായിരുന്നു.

കോട്ടയം പാമ്പാടി മേഖലയിൽ മാത്രം 50 ലധികം കർഷകരാണ് നിലവിൽ റബർ കൃഷി ഒഴിവാക്കിയത്. മരങ്ങൾ വെട്ടിമാറ്റുന്നവരാരും വീണ്ടും റബർ വയ്ക്കാൻ തയ്യാറാകുന്നില്ല. കൃഷിക്കാർ ചേർന്ന് രൂപീകരിച്ച പാമ്പാടി ഫാർമേഴ്സ് സൊസൈറ്റിയിൽ ഭൂരിഭാഗവും റബർ വെട്ടിമാറ്റി ഇതര കൃഷികളിലേക്ക് കടന്നു കഴിഞ്ഞു.

എങ്കിലും പ്രതീക്ഷ നശിക്കാത്ത ചിലർ കൃഷിയിടത്തിന്‍റെ ഒരു ഭാഗം ഇതിനായി മാറ്റിവയ്ക്കുന്നു, അവിടെ അവശേഷിക്കുന്ന ഏതാനും റബർ മരങ്ങൾ മരങ്ങള്‍ മാത്രമാണ് ഇന്ന് ഗതകാല റബർകൃഷി വിശേഷം വിളിച്ചോതാന്‍ ബാക്കിയുള്ളത്. ഭരണകൂടത്തിന്‍റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അതും ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് ഇന്നാട്ടിലെ കർഷകരുമായി സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നു.