സാഗർമാല പദ്ധതിയിൽ ബേപ്പൂർ തുറമുഖ വികസനത്തിന് സംസ്ഥാന സർക്കാർ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം; എം.കെ രാഘവന്‍ എംപിയുടെ ചോദ്യത്തിന് മറുപടി

Jaihind Webdesk
Saturday, July 29, 2023

 

ന്യൂഡൽഹി: രാജ്യത്തെ തുറമുഖവും അനുബന്ധമേഖലകളുടെയും വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര സർക്കാരിന്‍റെ സാഗർമാല പദ്ധതിയിൽ നിന്ന് സാമ്പത്തിക സഹായങ്ങൾക്ക് കേരള സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാതാ മന്ത്രി ഷർബാനന്ദ സോനോവാൾ ലോക്സഭയിൽ വ്യക്തമാക്കി. ബേപ്പൂർ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ഡ്രഡ്ജിംഗ്, റോഡ്, റെയിൽ പദ്ധതികൾ, മത്സ്യ തുറമുഖങ്ങൾ, തീരദേശ സമൂഹ വികസനം, നൈപുണ്യ വികസന പദ്ധതികൾ, ക്രൂയിസ് ടെർമിനൽ നിർമ്മാണം ഉൾപ്പെടെയുള്ളവയാണ് സാഗർമാല പദ്ധതി മുഖേന സാധ്യമാക്കുക. ഇതിനായി പ്രൊപ്പോസൽ സഹിതം സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിനെ സമീപിക്കേണ്ടതുണ്ട്. എന്നാൽ പൗരാണിക കാലം മുതൽ ചരക്കു നീക്കങ്ങൾക്ക് പേരുകേട്ട മലബാറിലെ തന്നെ പ്രമുഖ തുറമുഖമായ ബേപ്പൂർ പോർട്ടിന്‍റെ വികസനത്തിന് സാഗർമാല പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെയും കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സാഗര്‍മാല പദ്ധതിയിലൂടെ മലബാറിലെ സുപ്രധാന തുറമുഖമായ ബേപ്പൂരിന്‍റെ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടു