സംസ്ഥാനത്ത് സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി ; ആദ്യ ഘട്ടത്തില്‍ 31 ചോദ്യങ്ങള്‍

Jaihind News Bureau
Thursday, January 30, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഒന്നാം ഘട്ടത്തില്‍ 31 ചോദ്യങ്ങളാണ് ഉള്ളത്. വിവാദ ചോദ്യങ്ങള്‍ ഇല്ല. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച ചോദ്യാവലിയാണ് തയാറാക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വാസസ്ഥലം, ശുചിമുറി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ  31 ചോദ്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൃഹനാഥന്‍റെ പേരും ജോലിയും ഉൾപ്പെടെയുള്ള ചോദ്യങ്ങള്‍ പട്ടികയിലുണ്ട്. അതേസമയം പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ കൊടുവളളി നഗരസഭ തീരുമാനിച്ചു. എന്‍പിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവ് വരുന്നതുവരെ സെൻസസുമായി സഹകരിക്കേണ്ടെന്നും കൊടുവള്ളി നഗരസഭ തീരുമാനിച്ചു. മുസ്ലീം ലീഗ് നേതൃത്വം നല്‍കുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

സെൻസസ് നടപടികൾക്കായി എന്യൂമേറേറ്റർമാരെ വേണമെന്നാവശ്യപ്പെട്ട് ജനുവരി 21 ന് കൊടുവളളി നഗരസഭാ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സൂപ്രണ്ട് മധുവും ഹെഡ് ക്ലർക്ക് ഹസൻകുട്ടിയും സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ സെൻസസിന് ഒപ്പം എൻ.പി.ആർ വിവരശേഖരണവും നടത്തണമെന്ന സർക്കാർ ഉത്തരവും റഫറൻസായി നൽകിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരത്തില്‍ കത്തയച്ചതിനാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ കൊടുവള്ളി നഗരസഭ തീരുമാനിച്ചത്